അടയാളം പൊന്നാനി പി.സുരേന്ദ്രൻ്റെ വസതിയിൽ സാഹിത്യ സംവാദപരിപാടി സംഘടിപ്പിച്ചു.

ponnani channel
By -
0
അടയാളം പൊന്നാനി പി.സുരേന്ദ്രൻ്റെ വസതിയിൽ സാഹിത്യ സംവാദപരിപാടി സംഘടിപ്പിച്ചു. 

അടയാളം പൊന്നാനിയുടെ നേതൃത്വത്തിൽ ഇന്ന് പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ്റെ വസതിയിൽ സാഹിത്യ സംവാദപരിപാടി സംഘടിപ്പിച്ചു. "പൊന്നാനിക്കളരിയുടെ മണിപ്രവാളങ്ങൾ തേടി" എന്ന് പേരിട്ടിട്ടുള്ള പരിപാടിയിൽ, പൊന്നാനിയിലെ സാഹിത്യ പ്രതിഭകളുടെ വീടുകളിലേക്കുള്ള യാത്രയും, സാഹിത്യ സംവാദവും വിവിധ ഘട്ടങ്ങളായി നടത്തുന്നതിൻ്റെ ഭാഗമായുള്ള ആദ്യ സെഷനായിരുന്നു പി.സുരേന്ദ്രൻ്റെ വസതിയിലേക്കുള്ള യാത്ര. 

തൻ്റെ സ്കൂൾപഠനകാലഘട്ടം മുതൽ ഇന്ന് നിരവധി സാഹിത്യ പുരസ്കാരങ്ങളുടെ നിറവിൽ നിൽക്കുന്ന, മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായി മാറിയതു വരെയുള്ള വിശദമായ ജീവിതരേഖ അദ്ദേഹം അടയാളം അംഗങ്ങൾക്ക് മുൻപിൽ തുറന്നിട്ടു. അംഗീകാരങ്ങൾക്ക് വേണ്ടി ആരുടെ മുന്നിലും നട്ടെല്ലു വളയ്ക്കാത്ത ആ ജൈവ മനുഷ്യൻ സ്വന്തം ധിഷണ കൊണ്ടും, സർഗ്ഗ വൈഭവം കൊണ്ടും കെട്ടിപ്പടുത്ത സാഹിത്യസോപാനത്തിൽ ശിരസ്സുയർത്തിയിരുന്ന് തൻ്റെ കഥാപ്രപഞ്ചമുരുത്തിരിഞ്ഞു വരുന്ന വഴിത്താരകളെ പരിചയപ്പെടുത്തി. എഴുത്തിനേക്കാൾ താൻ അഭിമാനിക്കുന്നതും, അഹങ്കരിക്കുന്നതും ഗഹനമായ വായന നൽകിയ അറിവിൻ്റെ വിശാലതയിലാണ് എന്ന് ചില മനോഹര ജീവിതമുഹൂർത്തങ്ങളെ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു. എടപ്പാൾ വട്ടംകുളത്തുള്ള പി.സുരേന്ദ്രൻ്റെ പ്രാർത്ഥന എന്ന ഭവനത്തിലെ വിശാലമായ ലൈബ്രറി ഹാളിലായിരുന്നു പ്രോഗ്രാം.

കർമ്മ ബഷീർ, സൗദപൊന്നാനി, ലിയാഖത്ത്, നിർമ്മല അമ്പാട്ട്, നിസാർ കെ പൊന്നാനി, ഫർഹ ഹനീഫ്, കെ പി നൗഷാദ്, സുബൈദ പോത്തന്നൂർ, മാനു പോത്തന്നൂർ, സീനത്ത് ടീച്ചർ അറക്കൽ, ഫൈസൽ ബാവ, ലത്തീഫ് കുറ്റിപ്പുറം, രുദ്രൻ വാരിയത്ത്, ഫാറൂഖ് വെളിയങ്കോട്, കെ.പി.നൗഷാദ്, ജാബിർ, മുർഷിദ കടവനാട്, മുസ്തഫ, റൈഹാനത്ത്, കമറുദ്ദീൻ പൊന്നാനി, നജ്മു എടപ്പാൾ, റഹ്മാൻ തിരുനെല്ലൂർ എന്നിവർ സംസാരിച്ചു. പി.സുരേന്ദ്രൻ്റെ മായാപുരാണം എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിൻ്റെ മുപ്പതാം വർഷത്തിലെ പ്രത്യേക പതിപ്പിൻ്റെ കോപ്പികൾ ഇന്നത്തെ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേരും വാങ്ങി. മുർഷിദ കടവനാടിൻ്റെ ആദ്യ കവിത സമാഹാരം "മിഴി തുറക്കുമ്പോൾ" പി.സുരേന്ദ്രന് നൽകി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)