കേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളിയിലെ വിജയികള്‍ക്ക് നല്‍കുന്ന ട്രോഫിയില്‍ മുത്തമിട്ടാണ് കടവനാട് ജി.എഫ് യൂ പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ചാച്ചാജിയുടെ ഓര്‍മകള്‍ പുതുക്കി ശിശുദിനമാഘോഷിച്ചത്.
2025 ഓഗസ്റ്റ് 30-ന് ആലപ്പുഴയിലെ പുന്നമടക്കായലിൽ വെച്ച് നടന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി യില്‍ ജേതാക്കളായ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനിലെ തുഴച്ചില്‍കാരനും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ ഷിജിത്ത് എം.എസാണ് കുട്ടികള്‍ക്ക് കാണിക്കാനായി ട്രോഫിയുമായി സ്കൂളിലെത്തിയത്. കടവനാട് സ്വദേശിയായ ഷിജിത്ത് ഏഴു വര്‍ഷമായി വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാരനാണ്.
പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ വളളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952 ഡിസംബർ 27 ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായല്‍ നടന്ന ചുണ്ടൻവള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽപ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. ഈ സംഭവത്തിന്റെ ഓര്‍മക്കായി ചുണ്ടൻ വള്ളത്തിന്റെ മാതൃകയില്‍ സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത, നെഹ്‌റു അയച്ചു നല്‍കിയ ട്രോഫിയാണ് വിജയികൾക്കു നൽകൂന്ന നെഹ്‌റൂ ട്രോഫി.
സ്കൂള്‍ പ്രധാനധ്യാപകന്‍ മുസ്തഫ, സ്വപ്ന, അബിന്‍, പ്രിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി
മധുര നാരങ്ങ സിംഫണി ഫെസ്റ്റ് എന്ന പേരില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ശിശുദിനവുമായി ബന്ധപ്പെട്ട് സ്കൂളില്‍ നടത്തിയത്. പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി നടത്തിയ വരയുത്സവം, കളിയുത്സവം, കഥയുത്സവം, ഇംഗ്ലീഷ് ഫെസ്റ്റ് ,ശിശുദിന റാലി എന്നീ വ്യത്യസ്തമായ പരിപാടികള്‍ ഫെസ്റ്റിന്റെ ഭാഗമായി നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍