പൊന്നാനിയിൽ അടിപിടി കേസിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ
പൊന്നാനിയിൽ നടന്ന അടിപിടി കേസിൽ രണ്ട് യുവാക്കളെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. അന്തോളിപ്പറമ്പിൽ അൻസാർ (30), കൊളജിയറകത്ത് വീട്ടിൽ ഇബ്രാഹിം (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻ വിരോധത്തെ തുടർന്ന് പരാതിക്കാരനെ പ്രതികൾ പട്ടിക വടി ഉപയോഗിച്ച് തലക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ഒന്നാം പ്രതിയായ അന്തോളിപ്പറമ്പിൽ അൻസാറിനെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ നിന്ന് നാട് കടത്തിയിരുന്നു. വിലക്ക് കാലാവധി കഴിഞ്ഞ് കഴിഞ്ഞ മാസമാണ് ഇയാൾ വീണ്ടും പൊന്നാനിയിൽ എത്തിയത്. ഇയാൾക്കെതിരെ നിരവധി അടിപിടി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.പൊന്നാനി പോലീസ് ഇൻസ്പെക്ടർ കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പൊന്നാനി പ്രൊബേഷൻ സബ് ഇൻസ്പെക്ടർ അനന്തലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, സുധീഷ് ,എസ്. പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, ഹരിപ്രസാദ്, ടിജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കിയ ശേഷം പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍