ഒരുകാലത്ത് പ്രശസ്തിയുടെയും സമ്പത്തിന്റെയും ഉച്ചകോടിയിൽ ജീവിച്ചിരുന്ന അദ്ദേഹം മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണെന്നത് പലർക്കും വിശ്വസിക്കാൻ കഴിയില്ല. എഴുപതുകാരനായ താരം ചെന്നൈ നഗരത്തിൽ നിന്ന് അമ്പത് കിലോമീറ്ററോളം അകലെയുള്ള രാമാവതാർ അഗർവാൾ സഭ വൃദ്ധ സേവാശ്രമത്തിലാണ് കഴിഞ്ഞ മൂന്ന് മാസമായി കഴിയുന്നത്.
ജീവിതത്തിൽ ശരിക്കും ഒറ്റപ്പെട്ടുപോയിരിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ വേറെ. മരുന്നിന് മാത്രം പ്രതിമാസം നാല്പത്തിനായിരത്തോളം രൂപ വേണ്ടിവരുമെന്ന അവസ്ഥ. വരുമാനവും നിലച്ചതോടെ ജീവിതം ശരിക്കും പ്രതിസന്ധിയിലായി. റോട്ടറി ക്ലബ്ബിലെ സുഹൃത്തുക്കൾ മുൻകൈയെടുത്താണ് നടനെ വൃദ്ധാശ്രമത്തിൽ എത്തിച്ചത്. ക്ലബ്ബിന്റെ മുൻ പ്രസിഡന്റിന്റെ ദുരവസ്ഥ അവർക്ക് ഉൾക്കൊള്ളാനാവില്ലായിരുന്നു.
ഇവിടെ ജീവിതം വലിയ അല്ലലും അലട്ടുമില്ലാതെ പോകുന്നു. ഭക്ഷണം സൗജന്യമാണ്. മരുന്നിനുള്ള തുക നമ്മൾ മുടക്കിയാൽ മതി. സമയം പോകാൻ ഇടക്ക് പഴയ സിനിമകളിലെ നർമ്മ രംഗങ്ങൾ യുട്യൂബിൽ കാണും. ഭാവിയെക്കുറിച്ച് വലിയ പ്ലാനിംഗ് ഒന്നുമില്ല. അത്തരം കണക്കുകൂട്ടലുകളുടെ നിരർത്ഥകതയെ കുറിച്ച് കാലം തന്നെ നമ്മളെ ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലോ മോഹൻ പറയുന്നു.
ദേശീയ-സംസ്ഥാന ബഹുമതികള്‍ നേടിയ ഗ്രാമം എന്ന സിനിമയിലൂടെയാണ് മോഹന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സുകുമാരിക്ക് മികച്ച സഹനടിക്കും ഇന്ദ്രൻസ് ജയന് വസ്ത്രവിതാനത്തിനുമുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത പടം. എക്കാലത്തെയും പ്രിയപ്പെട്ട അഞ്ച് ചിത്രങ്ങളിൽ ഒന്നായി ജയലളിത തെരഞ്ഞെടുത്ത ചിത്രം കൂടിയാണിത്.
അക്കാദമിക് തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പടത്തിന് തിയറ്ററുകളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. നടന്റെ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം അവിടെ നിന്നാണ്. കലാമൂല്യമുള്ള സിനിമ എടുത്താല്‍ പോരാ അത് കച്ചവടം ചെയ്യാന്‍ കൂടി അറിയണമെന്ന് അതോടെ മനസിലായിയെന്ന് മോഹന്‍ പറയുന്നു. ഒരുകാലത്ത് വളരെ ഉയരത്തിൽ ഉന്നതിയിലായിരുന്ന എന്റെ ജീവിതം ഇന്ന് ഇങ്ങനെയായി. അസുഖം വന്നപ്പോൾ മരുന്ന് വാങ്ങാൻ പോലും എന്റെ കൈയിൽ പണമുണ്ടായിരുന്നില്ല.
മറ്റൊരു മാർഗവും ഇല്ലാതിരുന്നതിനാലാണ് ഈ സൗജന്യ വൃദ്ധസദനത്തിലേക്ക് എത്തിയത്. ഇവിടെ ഭക്ഷണവും താമസവും സൗജന്യമായി ലഭിക്കുന്നു. നല്ല സിനിമകൾ എടുക്കണമെന്ന് എല്ലാവരും പറയാറുണ്ട്. പക്ഷെ നല്ല സിനിമകൾ നിർമ്മിച്ച ഒരു നിർമാതാവിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്. സൂപ്പർസ്റ്റാർ രജനികാന്ത് എനിക്ക് ഒരു ലക്ഷം രൂപ നൽകി സഹായിച്ചു.
അദ്ദേഹത്തോട് ഞാൻ ഹൃദയപൂർവം നന്ദി പറയുന്നു. ഈ കഷ്ടകാലത്ത് ദൈവത്തെപ്പോലെയാണ് അദ്ദേഹം എനിക്ക് തുണയായത്. ഞാൻ നിർമ്മിച്ച സിനിമകളുടെ ടെലിവിഷൻ സംപ്രേഷണാവകാശങ്ങൾ ആരെങ്കിലും വാങ്ങുകയോ സർക്കാരോ സിനിമാലോകമോ സഹായഹസ്തം നീട്ടുകയോ ചെയ്താൽ ജീവിതത്തിലെ ശേഷിക്കുന്ന ദിവസങ്ങൾ സമാധാനത്തോടെ കഴിച്ചുകൂട്ടാൻ എനിക്ക് കഴിയുമായിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
പ്രശസ്ത നടി ലക്ഷ്മിയുടെ മുൻഭർത്താവാണ് മോഹൻ ശർമ. ചട്ടക്കാരി സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുകയും പിന്നീട് വിവാഹിതരായതും. എന്നാൽ അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. ഒരു കാലത്ത് സിനിമാലോകത്ത് മുൻനിര നടനും നിർമാതാവുമായിരുന്ന മോഹൻ ശർമയുടെ ഇന്നത്തെ ദുരവസ്ഥ സിനിമാപ്രേമികളെയും സഹപ്രവർത്തകരെയും ഒരുപോലെ വേദനിപ്പിച്ചിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍