പാർട്ടി പ്രവർത്തകർക്ക് കാലാവധി നീട്ടി നൽകുന്നതിൽ പ്രതിഷേധം

ponnani channel
By -
0
പൊന്നാനി നഗരസഭയിൽ പാർട്ടി പ്രവർത്തകർക്ക് പിൻവാതിൽ നിയമനമെന്നാരോപിച്ച് കൗൺസിൽ യോഗം യു.ഡി.എഫ് കൗൺസിലർമാർ തടസപ്പെടുത്തി. താൽക്കാലിക ജീവനക്കാരായ പാർട്ടി പ്രവർത്തകർക്ക് കാലാവധി നീട്ടി നൽകുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കൗൺസിൽ ബഹിഷ്ക്കരിച്ചു


പൊന്നാനി: സർക്കാർ ഉത്തരവുകൾ പാലിക്കാതെ പൊന്നാനി നഗരസഭയിൽ പാർട്ടി പ്രവർത്തകർക്ക് പിൻവാതിൽ നിയമനമെന്നാരോപിച്ചും, ഇത്തരത്തിൽ നിയമിച്ചവരുടെ കാലാവധി നീട്ടി നൽകാനുള്ള കൗൺസിൽ അജണ്ടയിൽ പ്രതിഷേധിച്ചുമാണ് യോഗം യു.ഡി.എഫ് കൗൺസിലർമാർ തടസപ്പെടുത്തിയത്. നഗരസഭ കൗൺസിൽ അജണ്ടയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചു. .

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിന് പകരം പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനം നടത്തുന്നുവെന്നാരോപിച്ചാണ് കൗൺസിൽ യോഗം ബഹളമയമാവുകയും, പ്രതിപക്ഷം കൗൺസിൽ ബഹിഷ്ക്കരിക്കുകയും ചെയ്തത്. താത്കാലിക നിയമനവുമായി ബന്ധപ്പെട്ട അഞ്ച് അജണ്ടകളാണ് ഇന്നത്തെ കൗൺസിൽ യോഗത്തിൽ ഉൾപ്പെടുത്തിയത്. നഗരസഭാ കാര്യാലയത്തിൽ മാത്രം 28 പാർട്ടി പ്രവർത്തകരെ പിൻവാതിലിലൂടെയാണ് നിയമിച്ചിട്ടുള്ളത്. പാർട്ടി പരിപാടികളുണ്ടാകുമ്പോൾ ഇത്തരക്കാർ ഓഫീസിൽ വരാതിരിക്കുകയും നഗരസഭ ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലാകുന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. 
നിയമനങ്ങൾ പൂർണ്ണമായും രാഷ്ട്രീയ വത്കരിക്കുന്ന നീക്കം അംഗീകരിക്കാനാവില്ലെന്നും, നേരത്തെ നടന്ന നിയമനത്തിൽ കോടതിയിൽ കേസ് നിലനിൽക്കെ വീണ്ടും ഈ സമീപനവുമായി മുന്നോട്ട് പോകുന്നത് പൊതുജനത്തെ  വെല്ലുവിളിക്കുന്നതിന്  തുല്യമാണെന്നും, കൗൺസിൽ തീരുമാനം പോലുമില്ലാതെയാണ് താൽക്കാലിക നിയമനം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു. പാർട്ടി പ്രവർത്തകരെ തിരുകി കയറ്റിയതിനാൽ ഡി.വൈ.എഫ്.ഐ മനുഷ്യ ചങ്ങലയുടെ സമയത്ത് ഓഫീസ് പ്രവർത്തനം താളം തെറ്റിയെന്നും, താൽക്കാലിക ജീവനക്കാർ ഉദ്യോഗസ്ഥരുടെ കസേരയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുകയാണെന്നും കൗൺസിലർമാർ ആരോപിച്ചു.
പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം,അനുപമ മുരളീധരൻ,ശ്രീകല ചന്ദ്രൻ , കെ.ഇസ്മായിൽ, റാഷിദ് നാലകത്ത്,ശബ്ന ആസ്മി എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)