അറബിക് യൂണിവേഴ്സിറ്റി വേഗത്തിൽ യഥാർഥ്യമാക്കുക: എസ് എസ് എഫ്

ponnani channel
By -
0

പൊന്നാനി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അറബിക് യൂണിവേഴ്സിറ്റി വേഗത്തിൽ സ്ഥാപിക്കണമെന്ന് എസ് എസ് എഫ് പൊന്നാനിയിൽ സംഘടിപ്പിച്ച അദ്കിയ കോൺഫറൻസ് ആവശ്യപ്പെട്ടു. മഖ്ദൂമുകളുടെ സംഭാവനകൾ പുതിയ സമൂഹം പഠിക്കുകയും അവരുടെ സാംസ്‌കാരിക ഇടപെടലുകളുടെ പ്രയോജനം ജനങ്ങൾക്ക് കൂടുതൽ ലഭ്യമാവുകയും വേണം. അദ്കിയ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട നാടിന്റെ സാഹോദര്യവും ക്ഷേമവും സാധ്യമാക്കുന്ന വീക്ഷണങ്ങൾ വിദ്വേഷരാഷ്ട്രീയം പിടിമുറുക്കുന്ന കാലത്ത് വലിയൊരു സാംസ്‌കാരിക പ്രതിരോധമാണ്. സ്റ്റുഡൻ്റ്സ് ഇസ്ലാമിക് സെൻസോറിയത്തിന് മുന്നോടിയായി പൊന്നാനിയിൽ നടത്തിയ പരിപാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല വിഷയാവതരണം നടത്തി. വൈയക്തികവും സാമൂഹികവുമായ ഇടപെടലുകൾക്ക് സ്വയം സ്ഫുടം ചെയ്തെടുക്കാൻ മനുഷ്യനെ പ്രാപ്തമാക്കുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം തങ്ങളുടെ അദ്കിയയുടെ ആശയങ്ങൾ പ്രചരിപ്പിക്കുക വഴി സമൂഹത്തിൽ സാഹോദര്യവും പരസ്പര സഹകരണവും വളർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി കെ ഫിർദൗസ് സുറൈജി സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി ആമുഖഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ കെ മുഹമ്മദ്, സംസ്ഥാന സെക്രട്ടറിമാരായ സയ്യിദ് ആഷിഖ് മുസ്തഫ, ഡോ. മുഹമ്മദ് നിയാസ്, സ്വാദിഖ് അലി ബുഖാരി, മുഹമ്മദ് ജാബിർ എന്നിവർ സംസാരിച്ചു.
സ്റ്റുഡൻ്റ്സ് ഇസ്ലാമിക് സെൻസോറിയത്തിൻ്റെ ഭാഗമായി ദഅവ കാമ്പസുകൾ മുതൽ സംസ്ഥാന തലം വരെ വിവിധങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കിതാബുകളെ ആസ്പദമാക്കി നോളേജ് ടെസ്റ്റുകൾ, വിവിധ പണ്ഡിതന്മാരെ കുറിച്ചുള്ള പഠനങ്ങൾ, പ്രമേയാടിസ്ഥാനത്തിലുള്ള ചർച്ചകൾ, സിംപോസിയങ്ങൾ, പ്രചാരണവുമായി ബന്ധപ്പെട്ട ചുവരെഴുത്തുകൾ തുടങ്ങിയവ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. വരുന്ന ഏപ്രിൽ 19,20,21 തിയ്യതികളിൽ മലപ്പുറം വെസ്റ്റ് ജില്ലയിൽ സെൻസോറിയം സമാപന പരിപാടികൾ നടക്കും.

ഫോട്ടോ : എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പൊന്നാനിയിൽ സംഘടിപ്പിച്ച അദ്കിയ കോൺഫറൻസിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല വിഷയാവതരണം നടത്തുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)